1979 ഒക്ടോബർ 12 പുനർവായന...1979 ഒക്ടോബർ 12 പുനർവായന...

1979 ഒക്ടോബർ 12
പുനർവായന...
1979 ഒക്ടോബർ 7 നാണ് അപ്രതീക്ഷിതമായി പി.കെ. വാസുദേവൻ നായരുടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപനമുണ്ടായത്. രാജി വാർത്തയറിഞ്ഞപ്പോൾ ഭരണകക്ഷിയിൽപ്പെട്ടവർ പോലും അമ്പരന്നു പോയി. സ്പീക്കർ ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിച്ചു കൊണ്ട് ഒരു നീണ്ട 'നമസ്കാരം' കൂടി പറഞ്ഞു. എന്തോ ഉറപ്പിച്ച ഭാവത്തിലായിരുന്നു ചാക്കിരി കസേരയിൽ നിന്നും ഇറങ്ങിയത്.
ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് നല്ലൊരു ചെസ്സ് കളിക്കാരൻ കൂടിയായിരുന്നു. ഇറങ്ങാൻ നേരം ചാക്കീരി, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി വാസുദേവൻ നായരെ നോക്കി ഒന്ന് കൂടി പറഞ്ഞു. എന്നെ സ്പീക്കറായി തെരെഞ്ഞെടുത്തപ്പോൾ അങ്ങ് പറഞ്ഞ ഒരു കാര്യം എന്റെ ഓർമ്മയിൽ വരുന്നു. ''ചതുരംഗക്കളിയിൽ വിദഗ്ദനാണ് ചാക്കീരി അഹമ്മദ് കുട്ടിയെന്ന് കേട്ടിട്ടുണ്ട്. പക്ഷെ സ്പീക്കറായിരിക്കുമ്പോൾ തെറ്റായി കരുനീക്കുന്നത് കണ്ടാലും മൗനിയാവാനെ സാധിക്കുകയുള്ളൂ...'' ഇതായിരുന്നു പി.കെ.വിയുടെ വാക്കുകൾ.
പക്ഷെ ചാക്കീരി എന്ന രാഷ്ട്രീയ ചാണക്യൻ തന്റെ ഔദ്യോഗിക വസതിയായ 'സാനഡു' വിൽ പിഴവില്ലാത്ത കരുനീക്കത്തിന് തയ്യാറെടുക്കുകയായിരുന്നു. പ്രമുഖ കക്ഷി നേതാക്കൾ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ എല്ലാവരുമായും സംസാരിച്ചു. ഒരു പാട് പ്രഗത്ഭരെ കൊണ്ട് ധന്യമായിരുന്നു നിയമസഭ. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബെനഡിക്ട് ഗ്രിഗോറിയസ് തിരുമേനിയെയും സഹകരിപ്പിച്ചു. എന്ത് തന്നെയായാലും ഒരു മന്ത്രിസഭ രൂപീകരിക്കണം എന്ന കാര്യത്തിൽ എല്ലാവരും ചേർന്ന് ഒരു തീരുമാനത്തിൽ എത്തി.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ബി.വി. അബ്ദുല്ലക്കോയ സാഹിബ് തുടങ്ങിയ നേതാക്കൾ തിരുവനന്തപുരത്ത് കുതിച്ചെത്തി. പരസ്പരം സ്വരച്ചേർച്ചയില്ലാത്ത കക്ഷികളിൽ നിന്ന് സർവ്വസമ്മതനായ ഒരാളെ കണ്ടെത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയാവുക. മുസ്ലിം ലീഗ് സംസ്ഥാന സമിതി തീരുമാനമനുസരിച്ച് സി.എച്ച്. ആവശ്യം അംഗീകരിച്ചു.
പ്രമുഖ കക്ഷി നേതാക്കളായ കെ. കരുണാകരൻ, കെ.എം.ചാണ്ടി, യു.എ. ബീരാൻ സാഹിബ്, കിടങ്ങൂർ ഗോപാല കൃഷ്ണൻ, സുന്ദരേശൻ നായർ, സി.എം.സുന്ദരം, എൻ.കെ. ബാലകൃഷ്ണൻ എന്നിവർ ഗവർണറെ കണ്ട് സി.എച്ചിന് പിന്തുണ അറിയിച്ചു. പിന്നീട് മറ്റ് കക്ഷികളിൽ പെട്ട ചിലരും സി.എച്ചിന് പിന്തുണ പ്രഖ്യാപിച്ചു. ഒടുവിൽ കോൺഗ്രസ് (യു) നേതാവ് എ.കെ. ആന്റണിയും ഗവർണറെ കണ്ടു.
ഒക്ടോബർ 10 വൈകുന്നേരം സി.എച്ച്. പത്ര സമ്മേളനം വിളിച്ചു കൊണ്ട് മന്ത്രിസഭയുണ്ടാക്കുന്ന കാര്യം പത്രക്കാരെ അറിയിച്ചു. അന്ന് രാത്രി പ്രമുഖ നേതാക്കളോടൊപ്പം രാജ്ഭവനിലെത്തി സി.എച്ച്. മന്ത്രിസഭ രൂപീകരിക്കാൻ മതിയായ ഭൂരിപക്ഷം തനിക്കുണ്ടെന്ന് ഗവർണറെ അറിയിച്ചു. ഇതേ സമയം ഡെൽഹിയിൽ മുസ്ലിം ലീഗ് അധ്യക്ഷൻ സേട്ടു സാഹിബ്, വിവിധ കക്ഷികളുടെ ദേശീയ നേതാക്കളുമായി സംസാരിച്ചു പിന്തുണ ഉറപ്പിക്കുന്നുണ്ടായിരുന്നു. എല്ലാ നീക്കങ്ങളും പരിസമാപ്തിയിലേക്ക്. 139 അംഗങ്ങളിൽ 83 പേരുടെ പിന്തുണ സി.എച്ചിന് ലഭിച്ചു.
മുസ്ലിം ലീഗിൻ്റെ ചരിത്രത്തിലെ സുവർണ്ണ രേഖയായ കേരള സംസ്ഥാന മുഖ്യമന്ത്രി പദവിയിൽ ഒരു മുസ്ലിം ലീഗുകാരൻ എത്തുന്നു. 1979 ഒക്ടോബർ 12 വെള്ളിയാഴ്ച്ച പാളയം പള്ളിയിലെ ജുമുഅ: നമസ്കാരാനന്തരം ശിഹാബ് തങ്ങൾ, ബി.വി.അബ്ദുല്ലക്കോയ സാഹിബ് എന്നിവരോടൊപ്പം കാറിൽ കയറുമ്പോൾ പള്ളിക്കു മുന്നിൽ തടിച്ചു കൂടിയവർ ആവേശപൂർവ്വം തക്ബീർ ധ്വനികൾ മുഴക്കി. സി.എച്ച്. രാജ്ഭവനിലെത്തി.
സത്യപ്രതിജ്ഞാ വേദി ജനനിബിഢമാണ്. മുസ്ലിം ലീഗിന്റെ ദേശീയ കമ്മിറ്റി നിരീക്ഷകനായി എ.കെ. അബ്ദുസ്സമദ് സാഹിബ് അടക്കം പ്രമുഖ വ്യക്തിത്വങ്ങൾ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനെത്തിയിട്ടുണ്ട്. വിശിഷ്ട വ്യക്തികൾക്ക് ഇരിപ്പിടം ഒരുക്കുവാൻ ഉദ്യോഗസ്ഥർ നന്നേ പാടുപെട്ടു. ഉച്ച കഴിഞ്ഞ് കൃത്യം 2.30 ന് വേദിയുടെ മുൻ നിരയിലുള്ള മുഹമ്മദലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവരുടെ ആശീർവാദമേറ്റു വാങ്ങി ഗവർണ്ണർ ജ്യോതി വെങ്കിട ചെല്ലം മുമ്പാകെ സി.എച്ച്. മുഹമ്മദ് കോയ സാഹിബ് അല്ലാഹുവിന്റെ നാമത്തിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പി.എസ്.പി. പ്രതിനിധിയായി ഉദുമ മണ്ഡലത്തില്‍ നിന്നും വിജയിച്ച മുന്‍ കണ്ണൂര്‍ ജില്ലാ ബാങ്ക് പ്രസിഡണ്ട് കൂടിയായ എന്‍. കെ. ബാലകൃഷനും എന്‍.ഡി.പി. സ്ഥാനാര്‍ത്ഥിയായി മാവേലിക്കരയില്‍ നിന്നും വിജയിച്ച തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും എന്‍. എസ്. എസ്. മുന്‍ ട്രഷററുമായിരുന്ന എന്‍. ഭാസ്കരൻ നായരുമായിരുന്നു സി.എച്ചിനോടൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
രാഷ്ട്രീയത്തിലെ സാമാന്യ മര്യാദ പോലും കാണിക്കാൻ സി.പി.എമ്മിന്റെയും അവരുടെ നേതാവ് ഇ.എം.എസിന്റെയും ഇടുങ്ങിയ മനസ് അനുവദിച്ചില്ല. അവർ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും വിട്ടു നിന്നു. എങ്കിലും പ്രതിപക്ഷത്ത് നിന്ന് സി.പി.ഐയും ആർ.എസ്.പി.യും ചടങ്ങിൽ പങ്കെടുത്തു. മുസ്ലിം ലീഗ് പ്രവർത്തകരുടെ ആവേശത്തിൽ രാജ്ഭവൻ പരിസരം പുളകം കൊണ്ടു.
സത്യപ്രതിജ്ഞ കാണാനെത്തിയവരെയും അവരുടെ വാഹനങ്ങളെയും നിയന്ത്രിക്കാൻ പോലീസ് ഏറെ ക്ലേശിച്ചു. സി.എച്ചിന്റെ കുടുംബാംഗങ്ങളെ പോലെ തന്നെ ധാരാളം മുസ്ലിം സ്ത്രീകളും ചടങ്ങിൽ സംബന്ധിച്ചിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം ആദ്യമായി സി.എച്ചിന്റെ ആശ്ലേഷിച്ചത് ആർ.എസ്.പി. നേതാവ് ബേബി ജോണായിരുന്നു.
മുഖ്യമന്ത്രിയായി ചുമതലയേറ്റയുടനെ ആകാശവാണിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത സി.എച്ച്, താൻ മുഖ്യമന്ത്രിയാവാനിടയായ സാഹചര്യങ്ങളും തന്റെ ദൗത്യവുമെല്ലാം പങ്കുവെച്ചു. "ജേർണലിസ്റ്റായ മുഖ്യമന്ത്രി" എന്ന് പറഞ്ഞു കൊണ്ടാണ് സി.എച്ച്. പത്രക്കാരെ കണ്ടത്.
പൊതുഭരണം, ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, കൃഷി, വൈദ്യുതി, ടൂറിസം, ഫിഷറീസ് തുടങ്ങിയ വകുപ്പുകൾ സി.എച്ച്. തന്നെ ഏറ്റെടുത്തു.
മുഖ്യമന്ത്രിയായ സി.എച്ചിന് അന്ന് വൈകിട്ട് തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ വക പുത്തരിക്കണ്ടം മൈതാനിയിൽ രാജകീയ സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ സി.എച്ചിന് മുമ്പ് പ്രസംഗിച്ച മുസ്ലിം ലീഗ് തമിഴ്നാട് സംസ്ഥാന പ്രസിഡണ്ട് എ.കെ. അബ്ദുസ്സമദ് സാഹിബിന്റെ പ്രസംഗം അക്ഷരാർത്ഥത്തിൽ സദസ്സിനെ പിടിച്ചു കുലുക്കി. മുസ്ലിം ലീഗ് പിന്നിട്ട ദുർഘടം പിടിച്ച വഴികളും, ത്യാഗിവര്യരായ പൂർവികരുടെ ജീവിതവും വിവരിച്ചപ്പോൾ സദസ് വിങ്ങിപ്പൊട്ടി.
മുസ്ലിം ലീഗിനെ നിശിതമായി വിമർശിച്ചു നടന്ന, ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ മുസ്ലിം ലീഗിനെതിരെ പറഞ്ഞ വാക്കുകളെ ഓർമ്മിച്ചു കൊണ്ട് സമദ് സാഹിബ് ഇങ്ങിനെ കൂടി പറഞ്ഞു. "സർദാർ പട്ടേലിന്റെ ആത്മാവ് വല്ല പക്ഷിയുടെയും രൂപത്തിൽ ഈ മൈതാനത്തിലുള്ള ഏതെങ്കിലും മരക്കൊമ്പിലിരുന്ന് ഇത് കാണുന്നുണ്ടെങ്കിൽ, പച്ചക്കൊടിയും പിടിച്ചു കൊണ്ട് ഒരു മുസ്ലിം ലീഗുകാരൻ ഇങ്ങ് ഇന്ത്യയുടെ തെക്കേ അറ്റത്ത് കേരളത്തിൽ മുഖ്യമന്ത്രിയായ രംഗം ആ ആത്മാവിനെ അത്ഭുതപ്പെടുത്തട്ടെ."
തുടർന്ന് വൻ ജനാവലിയെ സാക്ഷി നിർത്തി സി.എച്ച്. പ്രഖ്യാപിച്ചു. " ഞാൻ ഒരു അടിയുറച്ച മുസൽമാനാണ്. അല്ലാഹുവിന്റെ പരിശുദ്ധ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു കൊണ്ട് അധികാരമേറ്റെടുത്തവനാണ് ഞാൻ. അധർമ്മത്തിനും അനീതിക്കും ഒരിക്കലും ഞാൻ അരു നിൽക്കുകയില്ല. അന്യ സമുദായത്തിന്റെ ഒരു മുടിനാരിഴ പോലും ഞാൻ അപഹരിക്കയില്ല, എന്റെ സമുദായത്തിന്റെ ഒരു തലനാരിഴ പോലും ഞാൻ വിട്ടു കൊടുക്കുകയുമില്ല. കേരളത്തിന്റെ പ്രശ്നങ്ങൾ ഒരു പരിഭാഷ കൂടാതെ എനിക്ക് മനസിലാവും അവ പരിഹരിക്കാൻ എന്റെ ഗവർമെണ്ട് ചെയ്യുന്ന പ്രവർത്തനങ്ങളെ നിങ്ങൾ അനുഗ്രഹിക്കണം..."