വിഭജന രാഷ്ട്രീയത്തിന്റെ പണിപ്പുരയിലിരുന്ന് ലീഗിന്റെ മാറിടം പിളർത്താനുള്ള ആയുധം മിനുക്കുന്ന സഹോദരാ

വിഭജന രാഷ്ട്രീയത്തിന്റെ പണിപ്പുരയിലിരുന്ന്
ലീഗിന്റെ മാറിടം പിളർത്താനുള്ള ആയുധം മിനുക്കുന്ന സഹോദരാ നീ തലയുയർത്തിയൊന്ന് നോക്ക്..
ഉത്തർപ്രദേശിലെ ഷാഹി മസ്ജിദിന്റെ ചാരത്ത് നിന്നുയരുന്ന ആർത്തനാദങ്ങൾ നിന്റെ കാതുകളിൽ അലയടിക്കുന്നില്ലേ...
കരിഞ്ഞ മനുഷ്യ മാംസത്തിന്റെ ഗന്ധം നീയും അനുഭവിക്കുന്നില്ലേ..
നാലുകോടിയിലധികം വരുന്ന മുസ്ലിം ജനത അധിവസിക്കുന്ന,
അതിൽ പത്തിലേറെ വരുന്ന പാർലിമെന്റ് മണ്ഡലങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള ഒരു സമൂഹം നിസ്സഹായരായി മാറിയിരിക്കുന്നത് കാണുന്നില്ലേ..
അവരുടെ വിശ്വാസ ആചാര അനുഷ്ഠാനങ്ങൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന നിരന്തരമായ കയ്യേറ്റങ്ങൾ..
നൂറ്റാണ്ടുകൾ പഴക്കമുള്ള അവരുടെ ആരാധനാലയങ്ങൾക്കു മുകളിലൂടെ ഭരണകൂടത്തിന്റെ ബുൾഡോസറുകൾ കടന്നുകയറുമ്പോൾ
കൈകളുയർത്തിയും ഈമാൻ തുടിക്കുന്ന കണ്ണും ഖൽബുമായി സ്വന്തം മാറ് നിവർത്തിയും പ്രതിരോധവും പ്രതിഷേധവും ഉയർത്തിയവരുടെ നെഞ്ചകത്തൂടെ ഭരണകൂടത്തിന്റെ വെടിയുണ്ടകൾ ചീറിപ്പാഞ്ഞത് നീ കണ്ടുവോ..
നിയമം നടപ്പിലാക്കേണ്ടവർ തന്നെ കുരുതിക്കളം തീർത്തിട്ടും അവർക്കുവേണ്ടി ശബ്ദിക്കാൻ ആ നീതിനിഷേധത്തിനെതിരെ പോരാടാൻ
സഭക്കകത്തും പുറത്തും ആരാണുണ്ടായതെന്ന് നീ കാണുന്നില്ലേ..
സംഘബോധത്തിന്റെ ഉൾക്കരുത്തിൽ അവർക്ക് വേണ്ടി ശബ്ദിച്ചത് ,
അവർക്കുവേണ്ടി വാദിക്കാനുണ്ടായത്
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പ്രതിനിധികൾ മാത്രമാണെന്ന് നഗ്നസത്യം
നിനക്ക് തിരിച്ചറിവാവണം.
വഹാബിയും സുഹാബിയുമാക്കി
ലീഗുകാർക്കിടയിൽ വിഭജന രാഷ്ട്രീയം പയറ്റാൻ ശ്രമിക്കുന്ന
അതിലൂടെ ലീഗിന്റെ രാഷ്ട്രീയ കരുത്ത് തകർക്കാൻ ശ്രമിക്കുന്നവർ
എത്ര സമുന്നതനാണെങ്കിലും
അത്തരക്കാർക്ക് മുന്നിൽ തിരിച്ചറിവിനായി സമർപ്പിക്കാനുള്ള ലീഗിന്റെ ഏറ്റവും പുതിയ
കർമ്മസാക്ഷ്യമാണ്
പാർലിമെന്റിനകത്തും പുറത്തുമുള്ള ഈ ഇടപെടലുകൾ.
ലോകമാകെ കീർത്തി നേടിയ മഹാപണ്ഡിത പ്രതാപികളുടെ ജന്മഭൂമിയും കർമ്മഭൂമിയുമായിരുന്ന ഇടങ്ങളിൽ പോലും
ഇടയനില്ലാത്ത ആട്ടിൻ പറ്റങ്ങളെപ്പോലെ അരക്ഷിതരും നിരക്ഷരരും നിസ്സഹായരുമായി മുസ്ലിം സമുദായം മാറിയെങ്കിൽ ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കേ സാമുദായിക വിഷയങ്ങളിൽ ഒരുമിച്ചിരിക്കാൻ കഴിയുന്ന ഒരു നേതൃമഹിമ അത് പാണക്കാട്ടെ സാദാത്തീങ്ങളും അവർ നേതൃത്വം നൽകുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗുമാണെന്ന തങ്കത്തിളക്കമുള്ള ബോധ്യം നമുക്കുണ്ടാവണം.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആ സ്നേഹ സൗഹൃദത്തിന്റെ വട്ടമേശ നമുക്കായി തലമുറകൾക്കായി നിലനിന്നെ പറ്റു..